സന്ധ്യയ്ക്ക് ഭക്ഷണം കഴിക്കരുത് – പഴമക്കാർ ആവർത്തിച്ചു പറയുകയും അടുത്ത തലമുറയെ പതിവായി ഉദ്ബോധിപ്പിക്കുകയും ചെയ്തിരുന്ന സന്ദേശമാണിത്.
വെളിച്ചം മാറി ഇരുൾ പരന്നു തുടങ്ങുന്ന സമയമായതിനാൽ തൽസമയം ഈശ്വരഭജനത്തിനായി മാറ്റിവയ്ക്കേണ്ടതാണെന്നും അതു കൊണ്ടാണ് സന്ധ്യാനേരത്ത് ഭക്ഷണം കഴിക്കരുതെന്ന് പറഞ്ഞിരുന്നതെന്നുമാണ് പൊതുവേ കരുതിപ്പോരുന്നത്.
എന്നാൽ അതല്ല വാസ്തവം. ആയുസ്സും ആരോഗ്യവും നിലനിർത്തുന്നതിൽ ശുദ്ധമായ ഭക്ഷണത്തിനുള്ള സ്ഥാനം ഒരു ജീവജാലത്തിനും നിഷേധിക്കുവാൻ കഴിയില്ല. എന്നാൽ ആ ഭക്ഷണം കഴിക്കേണ്ടരീതിയെക്കുറിച്ചും സമയത്തെ സംബന്ധിച്ചും പഴമക്കാർക്ക് വ്യക്തമായ ധാരണകളുണ്ടായിരുന്നു. ഈ ധാരണകളാകട്ടെ അവർ ദീർഘനാളത്തെ അനുഭവത്തിൽ നിന്നും ആർജ്ജിച്ചവയുമാണ്.
സൂര്യാസ്തമയത്തെത്തുടർന്ന് ഇരുട്ട് പരക്കാൻ തുടങ്ങുന്നതിനെയാണ് സായാഹ്നസന്ധ്യ എന്നു പറയുന്നത്. ആധുനിക കാലത്തെപ്പോലെ വൈദ്യുതി വിളക്കുകളില്ലാതിരുന്ന പഴയ കാലത്ത് നേരിയ വെളിച്ചത്തിലിരുന്ന് ആഹാരം കഴിക്കുമ്പോൾ വിഷാംശങ്ങളും മാലിന്യങ്ങളും വീണ് അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യത ഊഹിക്കാവുന്നതേയുള്ളൂ. സൂര്യാസ്തമയം മൂലം പ്രകൃതിയിൽ കണ്ടു വരുന്ന രാസമാറ്റങ്ങളും തെളിയിക്കപ്പെട്ടിട്ടുണ്ട്. കിഴങ്ങുവർഗ്ഗങ്ങളും പച്ചിലകളും ആഹാര ത്തിന്റെ മുഖ്യഭാഗമായിരുന്ന കാലത്ത് തന്നെ; സൂര്യാസ്തമയത്തിനുശേഷം ഇവ പറിച്ചെടുത്ത്
ഉപയോഗിക്കുന്നത് പൂർണ്ണമായും ഗുണകരമല്ലെന്ന് നമ്മുടെ മുൻതലമുറ മനസ്സിലാക്കിയിരു ന്നുവെന്നും ഈ പ്രയോഗം സൂചിപ്പിക്കുന്നുണ്ട്.