എതെങ്കിലും തരത്തിൽ ഉന്നതിയിലേക്കു നീങ്ങുന്നവരെ മറ്റുള്ളവരുടെ കണ്ണ് ബാധിക്കുമെന്നൊരു വിശ്വാസമുണ്ട്. ഇതിനെ കൺദോഷമെന്നാണ് പറയപ്പെടുന്നത്. യാത്രകളും മറ്റും കഴിഞ്ഞുവരുന്നവർ, ആൾക്കൂട്ടത്തിനിടയിൽപ്പെട്ടിട്ട് വരുന്നവർ, ബന്ധുക്കളടങ്ങുന്ന ചടങ്ങുകളിൽ സംബന്ധിച്ച് മടങ്ങി വരുന്നവർ തുടങ്ങിയ വരെയാണ് കൺദോഷം ബാധിക്കുന്നതത്രേ ഇത്തരക്കാർ സ്വഭവനത്തിൽ മടങ്ങിയെത്തിയാൽ ഉൽസാഹക്കുറവ് കാണിക്കുന്നുണ്ട്. ഇതോടെ അവരെ, ആരുടെയോ കണ്ണ്ബാധിച്ചി രിക്കുന്നതായി പറയും. ഉടനെ തന്നെ കുറച്ചു കടുകെടുത്ത് തലയിൽ നിന്നും കാലിലേക്ക് മൂന്നുപ്രാവശ്യം ഉഴിഞ്ഞ് കത്തുന്ന അടുപ്പിൽ ഇടുകയായിരിക്കും. ഇങ്ങനെ ഉഴിയാൻ നേരം, ഉഴിയുന്ന ആളോ ഉഴിയപ്പെടുന്ന ആളോ സംസാരിക്കാൻ പാടില്ലെന്നും വിധിയുണ്ട്. ഇത്തരത്തിൽ അടുപ്പിൽ ഇടുന്ന കടുക് ശബ്ദത്തോടു കൂടി തീയിൽ പൊട്ടുകയും അതിന്റെ ഗന്ധം അന്തരീക്ഷത്തിൽ അനുഭവപ്പെടുകയും ചെയ്യും. അപ്പോൾ, കണ്ണേറ് ദോഷം സംഭവിച്ചത് പൊട്ടി ഗന്ധത്തോടെ ഇല്ലാതായിയെന്നു പറയും. എന്നാൽ ഇതും ഒരു മാനസിക ചികിത്സ തന്നെയാണ്. ഇതോടെ തന്നിൽക്കൂടിയ കണ്ണേറ് ഒഴിഞ്ഞുപോയിയെന്ന്, കണ്ണേറ് ഏറ്റെന്ന് സംശയിക്കപ്പെടുന്ന വ്യക്തിയും വിശ്വസിക്കുന്നു. തുടർന്ന് അയാൾ ഉൽസാഹപൂർവ്വം ദിനചര്യകളിലേക്കു കടക്കുകയാണ് പതിവ്. സാധാരണ കടുക് തീയിൽ വീണാൽ പൊട്ടുമെന്നും ഗന്ധം വമിക്കുമെന്നും മനസ്സിലാക്കാതെയാണ് ചിലർ ഇതിൽ അന്ധമായി വിശ്വസിക്കുന്നത്.